Friday, 15 June 2012

ORMMA.....


                                                    


മുന്നില്‍ കത്തി  ജ്വലിക്കുന്ന സൂര്യന്‍ . ഒരുപാട്  നാളത്തെ കാത്തിരിപ്പിനു 
ശേഷം കണ്ടുമുട്ടുന്ന സ്നേഹിക്കുന്ന രണ്ടു മനസ്സുകളുടെ ഒത്തുചേരല്‍ പോലെ തിരമാലകള്‍ തീരത്തോട് അലിഞ്ഞു ചേരുന്നു . കാതില്‍  ഇരംബ്ബുന്ന തിരമാലകളുടെയും , ദിക്കറിയാതെ പായുന്ന കാറ്റിന്‍റെയും, നീര്‍ക്കാക്കകളുടെയും  ശബ്ദം മാത്രം . അവിടവിടെയായി ആരൊക്കെയോ നില്‍പ്പുണ്ട് . കുട്ടികള്‍ മണ്ണില്‍  വീടുണ്ടാക്കി  കളിക്കുന്നു . അതൊന്നും  തന്നെ  ശരിക്കും കാണാന്‍ കഴിയുന്നില്ല . കണ്ണുനീര്‍  വന്നു കാഴ്ച്ചയെ മറച്ചു കളയുന്നു . 


                                                തനിക്കെവിടെയാണ് തെറ്റിയത് . സ്വയം  ചാടിയതാണോ  അതോ അറിയാതെ  വഴുതി വീണതോ ?? നിന്‍റെ നിഴല്‍  പോലും എനിക്ക് സ്വന്തം എന്നു  പറഞ്ഞ ആരും തന്നെ ഇപ്പോള്‍ അരികിലില്ല .  അകലെ  ആണെങ്കില്‍  പോലും ഇപ്പോള്‍  എന്തിനു ഓര്‍ക്കണം. ആ  ഹൃദയങ്ങളില്‍ നിന്നുമൊക്കെ തന്നെ പുറത്ത് ആക്കിയിരിക്കുന്നു .കാലം  മനസ്സിന്‍റെ  മുറിവ് ഉണക്കും എന്നു  പലവുരി തന്നോട് പറഞ്ഞത്   ഇപ്പോഴും  കാതുകളില്‍  ഉണ്ട് .  അങ്ങനെ  ഒരു കാലം  ഉണ്ടെങ്കില്‍  പോലും അതു കാണാന്‍  താന്‍ ഉണ്ടാവില്ല . ഓര്‍മ്മകള്‍ പകുതി  വച്ചു മുറിഞ്ഞു . 

                                              അടുത്ത് കൂടയില്‍  പൂവുമായി  നില്‍ക്കുന്ന  കുട്ടി  തന്നെ  നോക്കി  ചിരിക്കുന്നു .അവള്‍ ചോദിച്ചു "അമ്മാ പൂ  വേണമാ "?. ജീവിതത്തിന്‍റെ നിറവും സുഗന്ധവും  നഷ്ടപെട്ട തന്നെ  പോലൊരു ആള്‍ക്കു ഇനി  എന്തിനാണ് പൂവ് .കയ്യിലിരുന്ന ഒരു  കുഞ്ഞു പര്‍സ് അവള്‍ക്കു  കൊടുത്തു . ആദ്യം  മടിച്ചെങ്കിലും കയ്യില്‍ വെച്ചു കൊടുത്തപ്പോള്‍ , ചിരിച്ചു കൊണ്ട് അവള്‍ ഓടി മറഞ്ഞു .

                                           സൂര്യന്‍  തന്‍റെ രൌദ്ര ഭാവം ഉപേക്ഷിച്ചു അസ്തമിക്കാന്‍ ഒരുങ്ങി നില്‍ക്കുന്നു . ഇപ്പോള്‍  തനിക്കും സൂര്യനും ഒരേ ഭാവം ആണെന്നു ഒരു നിമിഷം ചിന്തിച്ചു  പോയി .കടല്‍ ശാന്തമായ പോലെ .
കാറ്റിന്‍റെ ശക്തിയും  കുറഞ്ഞു . ഭൂമിയില്‍ അന്ധകാരം തന്‍റെ അധികാരം സ്ഥാപിക്കാന്‍ ഇനി അധിക സമയം  ഇല്ല . 

                                         ഇതിനു  മുന്‍പും താന്‍  ഇവിടെ  വന്നിട്ടുണ്ട് . ഇതുപോലെ ഒറ്റക്കായിരുന്നില്ല എന്നു മാത്രം . അപ്പോഴൊക്കെ മനസ്സു  നിറയെ  സ്വപ്‌നങ്ങള്‍ മാത്രം  ആയിരുന്നു . അന്നേരം  യാത്ര  ചെയ്യാനുള്ള വീഥികള്‍  അവള്‍ക്കു  കൃത്യമായിരുന്നു . എന്നാല്‍  ഇപ്പോള്‍ വഴികളില്‍  എല്ലാം ഇരുളടഞ്ഞു കഴിഞ്ഞു . ഒരു മാര്‍ഗം മാത്രം മുന്നില്‍ തുറന്നു  കിടക്കുന്നു . അവിടേക്കുള്ള ദൂരം ഏതാനും കാല്‍വെയ്പ്പുകള്‍ മാത്രം .

                                             ഇപ്പോള്‍  മനസ്സില്‍ തോന്നുന്ന വികാരം എന്താണെന്ന്  അറിയില്ല . സന്തോഷമോ  അതോ സന്താപമോ ??

                                          അവള്‍  മെല്ലെ എഴുന്നേറ്റ് നടന്നു . ശാന്തമായ  തിരമാലകള്‍ അവളെ അതിന്‍റെ മടിത്തട്ടിലേക്ക് കൂട്ടിക്കൊണ്ടു  പോകാന്‍ കടന്നു വരുന്നത് പോലെ . അവള്‍ പതിയെ അതിനു  നേര്‍ക്ക് നടന്നു . കടല്‍   ഉള്ളിലേക്ക് വലിക്കുമ്പോള്‍ മനസ്സിന്‍റെ  ഭാരമെല്ലാം സ്വയം ഇറങ്ങുന്നത് പോലെ .

                                           പിന്നില്‍  നിന്നുയരുന്ന വിളികളും കരച്ചിലും അവള്‍ അറിഞ്ഞില്ല . തിരമാലകളില്‍ പൊങ്ങിയും താണും അവള്‍ എങ്ങോ പോയി മറഞ്ഞു . അന്ധകാരം  അപ്പോഴേക്കും അതിന്‍റെ കരിമ്പടം കടലിനു മീതെ വിരിച്ചു കഴിഞ്ഞു . ഇനി ഭൂമിയില്‍ അവളുടെതായി അവശേഷിക്കുന്നത് , കടലിനു നേരെ പൂഴിയില്‍ പതിഞ്ഞു കിടക്കുന്ന അവളുടെ കാല്‍പ്പാടുകള്‍ മാത്രം. അതും നാളെയുടെ തിരക്കില്‍ മാഞ്ഞു പോകും................................................................................................................................................................................................................................

No comments:

Post a Comment