മുന്നില്‍ കത്തി ജ്വലിക്കുന്ന സൂര്യന് . ഒരുപാട് നാളത്തെ കാത്തിരിപ്പിനു
ശേഷം കണ്ടുമുട്ടുന്ന സ്നേഹിക്കുന്ന രണ്ടു മനസ്സുകളുടെ ഒത്തുചേരല്‍ പോലെ തിരമാലകള്‍ തീരത്തോട് അലിഞ്ഞു ചേരുന്നു . കാതില്‍ ഇരംബ്ബുന്ന തിരമാലകളുടെയും , ദിക്കറിയാതെ പായുന്ന കാറ്റിന്റെയും, നീര്‍ക്കാക്കകളുടെയും ശബ്ദം മാത്രം . അവിടവിടെയായി ആരൊക്കെയോ നില്‍പ്പുണ്ട് . കുട്ടികള്‍ മണ്ണില്‍ വീടുണ്ടാക്കി കളിക്കുന്നു . അതൊന്നും തന്നെ ശരിക്കും കാണാന്‍ കഴിയുന്നില്ല . കണ്ണുനീര് വന്നു കാഴ്ച്ചയെ മറച്ചു കളയുന്നു .
തനിക്കെവിടെയാണ് തെറ്റിയത് . സ്വയം ചാടിയതാണോ അതോ അറിയാതെ വഴുതി വീണതോ ?? നിന്റെ നിഴല്‍ പോലും എനിക്ക് സ്വന്തം എന്നു പറഞ്ഞ ആരും തന്നെ ഇപ്പോള്‍ അരികിലില്ല . അകലെ ആണെങ്കില്‍ പോലും ഇപ്പോള്‍ എന്തിനു ഓര്‍ക്കണം. ആ ഹൃദയങ്ങളില്‍ നിന്നുമൊക്കെ തന്നെ പുറത്ത് ആക്കിയിരിക്കുന്നു .കാലം മനസ്സിന്റെ മുറിവ് ഉണക്കും എന്നു പലവുരി തന്നോട് പറഞ്ഞത് ഇപ്പോഴും കാതുകളില്‍ ഉണ്ട് . അങ്ങനെ ഒരു കാലം ഉണ്ടെങ്കില്‍ പോലും അതു കാണാന്‍ താന്‍ ഉണ്ടാവില്ല . ഓര്‍മ്മകള്‍ പകുതി വച്ചു മുറിഞ്ഞു .
അടുത്ത് കൂടയില്‍ പൂവുമായി നില്ക്കുന്ന കുട്ടി തന്നെ നോക്കി ചിരിക്കുന്നു .അവള് ചോദിച്ചു "അമ്മാ പൂ വേണമാ "?. ജീവിതത്തിന്റെ നിറവും സുഗന്ധവും നഷ്ടപെട്ട തന്നെ പോലൊരു ആള്‍ക്കു ഇനി എന്തിനാണ് പൂവ് .കയ്യിലിരുന്ന ഒരു കുഞ്ഞു പര്സ് അവള്‍ക്കു കൊടുത്തു . ആദ്യം മടിച്ചെങ്കിലും കയ്യില്‍ വെച്ചു കൊടുത്തപ്പോള്‍ , ചിരിച്ചു കൊണ്ട് അവള് ഓടി മറഞ്ഞു .
സൂര്യന് തന്റെ രൌദ്ര ഭാവം ഉപേക്ഷിച്ചു അസ്തമിക്കാന്‍ ഒരുങ്ങി നില്ക്കുന്നു . ഇപ്പോള്‍ തനിക്കും സൂര്യനും ഒരേ ഭാവം ആണെന്നു ഒരു നിമിഷം ചിന്തിച്ചു പോയി .കടല്‍ ശാന്തമായ പോലെ .
കാറ്റിന്റെ ശക്തിയും കുറഞ്ഞു . ഭൂമിയില്‍ അന്ധകാരം തന്റെ അധികാരം സ്ഥാപിക്കാന്‍ ഇനി അധിക സമയം ഇല്ല .
ഇതിനു മുന്‍പും താന്‍ ഇവിടെ വന്നിട്ടുണ്ട് . ഇതുപോലെ ഒറ്റക്കായിരുന്നില്ല എന്നു മാത്രം . അപ്പോഴൊക്കെ മനസ്സു നിറയെ സ്വപ്നങ്ങള്‍ മാത്രം ആയിരുന്നു . അന്നേരം യാത്ര ചെയ്യാനുള്ള വീഥികള്‍ അവള്‍ക്കു കൃത്യമായിരുന്നു . എന്നാല്‍ ഇപ്പോള്‍ വഴികളില്‍ എല്ലാം ഇരുളടഞ്ഞു കഴിഞ്ഞു . ഒരു മാര്‍ഗം മാത്രം മുന്നില്‍ തുറന്നു കിടക്കുന്നു . അവിടേക്കുള്ള ദൂരം ഏതാനും കാല്‍വെയ്പ്പുകള്‍ മാത്രം .
ഇപ്പോള്‍ മനസ്സില്‍ തോന്നുന്ന വികാരം എന്താണെന്ന് അറിയില്ല . സന്തോഷമോ അതോ സന്താപമോ ??
അവള് മെല്ലെ എഴുന്നേറ്റ് നടന്നു . ശാന്തമായ തിരമാലകള്‍ അവളെ അതിന്റെ മടിത്തട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ കടന്നു വരുന്നത് പോലെ . അവള് പതിയെ അതിനു നേര്‍ക്ക് നടന്നു . കടല്‍ ഉള്ളിലേക്ക് വലിക്കുമ്പോള്‍ മനസ്സിന്റെ ഭാരമെല്ലാം സ്വയം ഇറങ്ങുന്നത് പോലെ .
പിന്നില്‍ നിന്നുയരുന്ന വിളികളും കരച്ചിലും അവള് അറിഞ്ഞില്ല . തിരമാലകളില്‍ പൊങ്ങിയും താണും അവള് എങ്ങോ പോയി മറഞ്ഞു . അന്ധകാരം അപ്പോഴേക്കും അതിന്റെ കരിമ്പടം കടലിനു മീതെ വിരിച്ചു കഴിഞ്ഞു . ഇനി ഭൂമിയില്‍ അവളുടെതായി അവശേഷിക്കുന്നത് , കടലിനു നേരെ പൂഴിയില്‍ പതിഞ്ഞു കിടക്കുന്ന അവളുടെ കാല്‍പ്പാടുകള്‍ മാത്രം. അതും നാളെയുടെ തിരക്കില്‍ മാഞ്ഞു പോകും................................................................................................................................................................................................................................




.jpg)























